01:10am 04 August 2026
NEWS
സംസ്ഥാനത്ത് കനത്ത മഴ; 9 ജില്ലകളിലും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
02/08/2026  08:13 PM IST
nila
സംസ്ഥാനത്ത് കനത്ത മഴ; 9 ജില്ലകളിലും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പുകൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (തിങ്കളാഴ്ച) ഒൻപത് ജില്ലകളിലെയും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, ഇടുക്കി, കോട്ടയം, തൃശൂർ, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ക്ലാസുണ്ടാകില്ല.

ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിൽ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ 10 ജില്ലകളിൽ നാളേക്ക് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ബന്ധപ്പെട്ട അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img